രാജ്യത്ത് സ്കൂളുകൾ ജൂലായ് 31 വരെ തുറക്കില്ല; ലോക്ക്ഡൗൺ ആറാം ഘട്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി

 
ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ രണ്ടാംഘട്ട അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

അന്തര്‍ സംസ്ഥാന യാത്രയ്ക്ക് എര്‍പ്പെടുത്തിയിരുന്ന ഇ പാസുകള്‍ അടക്കം രണ്ടാം ഘട്ടത്തില്‍ നിര്‍ബന്ധമല്ല. സാമൂഹ്യ അകലവും മാസ്‌ക്ക് ധരിക്കലും അടക്കമുള്ള കര്‍ശന നിയന്ത്രണ നടപടികളുമായ് ഇനിയും മുന്നോട്ട് പോയെ മതിയാകു എന്ന് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രസിദ്ധികരിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണത്തില്‍ ഒരിളവും പാടില്ല. കണ്ടെയ്ന്‍മെന്റ സോണുകള്‍ക്ക് പുറത്ത് ഉചിതമായ ഇളവുകള്‍ സര്‍ക്കാരിന് നല്‍കാം. എന്നാല്‍ ഇങ്ങനെ അനുവദിക്കുന്ന ഇളവുകളുടെ ഭാഗമായി ജനക്കൂട്ടം ഉണ്ടാകാനോ അഞ്ച് പേരില്‍ അധികം കൂട്ടം കൂടാനോ പാടില്ല.

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് നടത്താം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ അടഞ്ഞ് തന്നെ തുടരും. ട്രെയിനിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 15 ന് ശേഷം കര്‍ശനമായ നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള നിബന്ധനകളിലും മാര്‍ഗനിര്‍ദേശത്തില്‍ കൂടുതല്‍ ഇളവ് നല്‍കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന യാത്രയ്ക്കുള്ള ഇപാസുകള്‍ അടക്കം ഈ ഘട്ടം മുതല്‍ നിര്‍ബന്ധമായിരിക്കില്ല എന്ന് മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.

കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഈ ഘട്ടത്തില്‍ അനുവദിക്കും. രാജ്യാന്തര വിമാനസര്‍വസുകള്‍ ജൂലൈ 31 വരെ പുനരാരംഭിക്കില്ല. പൊതുജന ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനും എന്നാല്‍ രോഗബാധക്ക് കാരണം ആകാത്തതും ആയ നിയന്ത്രണങ്ങള്‍ക്കാണ് ഇളവെന്ന് മാര്‍ഗനിര്‍ദ്ധേശം വ്യക്തമാക്കുന്നു. നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ അതത് സര്‍ക്കാരുകള്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.