അഞ്ചൽ:ഏരൂരിൽ ചോർന്നൊലിക്കുന്ന കൂരയിൽ ജീവിതവും പഠനവും വഴിമുട്ടിയ കുരുന്നുകൾക്ക് ഒടുവിൽ താൽക്കാലികാശ്വാസം. മണലിൽ കനാൽ പുറമ്പോക്കു കാശിഭവനിൽ കൂലിപ്പണിക്കാരനായ ഓമനക്കുട്ടൻ്റെയും പ്രീതയുടെയും മക്കളായ കാശിനാഥനും ശിവപാർവ്വതിക്കുമാണു വീട്ടിൽ വൈദ്യുതിയും ഓൺലൈൻ പഠനത്തിനായി ടി.വിയും ഡി.ടി.എച്ച് കണക്ഷനും സുമനസ്സുകൾ എത്തിച്ചു നൽകിയത്.
ഇവരുടെ ദയനീയാവസ്ഥ വിവരിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയാണ് വഴിത്തിരിവായത്. ഓമനക്കുട്ടൻ്റെ തുച്ഛവരുമാനമാണ് ഇവരുടെ ഏക ആശ്രയം. ഭാര്യ പ്രീതയാകട്ടെ -തൈറോയ്ഡ് രോഗം മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സാമ്പത്തിക ബുദ്ധിമുട്ടു കാരണം കഴിഞ്ഞ അഞ്ചു മാസമായി ഇവർക്കു ചികിത്സ നൽകാൻ പോലും സാധിക്കുന്നില്ലെന്ന് ഓമനക്കുട്ടൻ നിറകണ്ണുകളോടെ പറഞ്ഞു. ലോക് ഡൗൺ മൂലം പണിയും വരുമാനവും നിലച്ചതോടെ കുടുംബം മുഴുപ്പട്ടിണിയിലുമായി.
പലക കൊണ്ടു മറച്ച പോളിത്തീൻ ഷീറ്റു മൂടിയ ഒറ്റമുറിക്കൂരയിലാണ് ഇവരുടെ താമസം. കിണറും കക്കൂസും പോലുമില്ല. ഇത്തരത്തിൽ മണ്ണെണ്ണ വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ പഠിക്കുന്ന കുട്ടികളുടെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു കേരളകൗമുദി ലേഖകൻ എസ്.ബി.സെൽവകുമാറിൻ്റെ റിപ്പോർട്ട്.
വാർത്ത ശ്രദ്ധയിൽ പെട്ട ചിതറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സേവന സംഘടനയായ മുഹൂർത്തം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കോട്ടയം ജില്ലാ ജോ. സെക്രട്ടറിയുമായ അനിലൻ മുഹൂർത്തം ഇവർക്കു 32 ഇഞ്ച് എൽ.ഇ.ഡി ടി.വി വാഗ്ദാനം ചെയ്തു. അഞ്ചൽ ശ്രീലകം വാസ്തു കൺസൽട്ടൻ്റായ എം.ആർ.രാജേഷ് ഡി.ടി.എച്ച്.കണക്ഷനും ഏർപ്പാടാക്കിയതോടെ കാര്യങ്ങൾ സുഗമമായി.
കരവാളൂർ വൈദ്യുതി ഓഫീസിലെ ജീവനക്കാരുടെ അനുഭാവപൂർവ്വമായ ഇടപെടലും കൂടിയായപ്പോൾ സ്റ്റാഫ് യൂണിയൻ കണക്ഷൻ ഫീസടച്ച് ഒരു മണിക്കൂർ കൊണ്ട് വീട്ടിൽ വൈദ്യുതി കണക്ഷനെത്തി. പിന്നാലെ തന്നെ ടി.ടി.എച്ച് കണക്ഷനും ടി.വി യും എത്തിയതോടെ കുരുന്നുകളുടെ പഠനത്തിന് അവസ്സരമൊരുങ്ങി.
വീട് നൽകാനും ആളുണ്ട്. പക്ഷേ...
➖➖➖➖➖➖➖➖➖➖➖
പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായ ഏഷ്യൻ ബിൽഡേഴ്സ് ചെയർമാൻ ഡോ.ജയലാൽ നടേശൻ ഇവർക്കു വീടു നിർമ്മിച്ചു നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.ഇതിനാവശ്യമായ ഭൂമി കൂടി ലഭിച്ചാൽ ഈ നിർദ്ധന കുടുംബത്തിൻ്റെ ദുരിതത്തിനറുതിയാകും.
ഓമനക്കുട്ടൻ്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരവാളൂർ ശാഖയിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. ഇടനിലക്കാരുടെ കൈകളിലൂടെയല്ലാതെ നേരിട്ടു സഹായമെത്തിക്കാനായി അക്കൗണ്ട് നമ്പർ ചുവടെ:-
ഓമനക്കുട്ടൻ, അക്കൗണ്ട് നമ്പർ: 39 43 18 43 454.
lFSC കോഡ്: SBI N 000 7623.
ഓമനക്കുട്ടനെ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ: 99 95 34 79 59
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക