തിരുവനന്തപുരം: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളിലെ
വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍
ക്ലാസുകള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ)
അഭിനന്ദനം. കോവിഡിനെതിരെ കേരളം നടത്തിയ അനിതരസാധാരണ ചുവടുവയ്പ്പുകളില്‍ ഏറെ
പ്രധാനപ്പെട്ടതാണ് ഓണ്‍ലൈന്‍ ക്ലാസ്സുകളെന്നും എഡ്യൂസാറ്റ് ഉപഗ്രഹത്തെ
പ്രയോജനപ്പെടുത്തി കേരളം നടത്തിയ ചുവടുവയ്പ്പില്‍ പങ്കാളിയാകാന്‍
സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍
അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ അധ്യയനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍
വിപ്ലവം സൃഷ്ടിക്കുമെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ
ജനാധിപത്യപരമായ വിതരണമെന്ന നിലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും
തുല്യാവസരത്തിന് ഇത് വഴിയൊരുക്കുമെന്നും വിക്രം സാരാഭായ് സ്പേസ് സെന്റര്‍
(വി.എസ്.എസ്.സി.) ഡയറക്ടര്‍ എസ്. സോമനാഥ് പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രസിദ്ധീകരണമായ സമകാലിക ജനപഥം മാസികയുടെ ജൂണ്‍ ലക്കത്തില്‍ ഏഴുതിയ ലേഖനങ്ങളിലാണ് ഇരുവരുടെയും വിലയിരുത്തല്‍. ഐ.എസ്.ആര്‍.ഒയുടെ എഡ്യൂസാറ്റ് ഉപഗ്രഹത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും കേരളം അതു വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും കോവിഡാനന്തര കാലഘട്ടത്തിലെ സഹകരണസാദ്ധ്യതകളെ കുറിച്ചും ഇരുവരും വിശദീകരിക്കുന്നുണ്ട്.
അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച കേരളത്തിന്റെ തീരുമാനം തീര്‍ത്തും ഉചിതമാണെന്നു കെ. ശിവന്‍ അഭിപ്രായപ്പെട്ടു. വിദൂര ഗോത്രവര്‍ഗ ഗ്രാമങ്ങളിലെ കുട്ടികള്‍ക്കു പോലും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ക്ലാസുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ വലിയ വിജയമാകും. വിദൂര വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ച എഡ്യൂസാറ്റിന് കോവിഡാനന്തര കാലഘട്ടത്തില്‍ പ്രത്യേക പ്രാധാന്യം ലഭിച്ചിട്ടുണ്ട്. കൈറ്റ് വിക്ടേഴ്‌സ് ചാനലും ഐ.എസ്.ആര്‍.ഒയുമായി പരസ്പരപൂരിതമായ ബന്ധമാണുള്ളത്്. ഏറെ താത്പര്യത്തോടെയാണ് ചാനലിന്റെ പ്രവര്‍ത്തനങ്ങളെ ഐ.എസ്.ആര്‍.ഒ പിന്തുടരുന്നത്. വിദൂര ഗ്രാമീണ മേഖലയിലെ ജനങ്ങളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുമായും ആശുപത്രികളുമായും ബന്ധിപ്പിക്കുന്ന ടെലി മെഡിസിന്‍ സംവിധാനങ്ങളും മറ്റു ജിയോപോര്‍ട്ടല്‍ ആപ്ലിക്കേഷനുകളും സജീവമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടമാണിത്. പൗരന്‍മാര്‍ക്കു പ്രയോജനപ്പെടുംവിധം ഐ.എസ്.ആര്‍.ഒയുടെ വിഭവശേഷി കേരളം ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
കോവിഡിനെ നേരിടുന്നതില്‍ കേരള സര്‍ക്കാരിന്റെ സമീപനം സ്തുത്യര്‍ഹമാണെന്നും രാജ്യത്താദ്യമായി കോവിഡ് ബാധ റിപ്പോര്‍ട്ടു ചെയ്ത കേരളം തുടക്കത്തില്‍ തന്നെ അതിന്റെ അപകടസാധ്യത തിരിച്ചറിയുകയും ആരോഗ്യപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സജീവ പിന്തുണയോടെ തക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും വി.എസ്.എസ്.സി ഡയറക്ടര്‍ സോമനാഥ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ യഥാസമയം കര്‍ശനമായി നടപ്പാക്കാനും കേരളത്തിനായി.
എഡ്യൂസാറ്റ് എങ്ങനെ വിജയകരമായി ഉപയോഗിക്കാമെന്നു ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ കേരളം തെളിയിച്ചു. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ മുഖ്യധാരയില്‍നിന്നു പ്രവര്‍ത്തിക്കുന്നതു പ്രശംസനീയമാണ്. എഡ്യൂസാറ്റിലൂടെ ഐ.എസ്.ആര്‍.ഒ. മുന്നോട്ടുവച്ച ദീര്‍ഘവീക്ഷണം ഇപ്പോള്‍ നേട്ടംകൊയ്യുകയാണ്. മതിയായ അടിസ്ഥാന സൗകര്യമില്ലാതിരുന്ന 2.5 ലക്ഷത്തോളം വിദ്യാര്‍ഥികളെ കണ്ടെത്തി സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നത് ചെറിയ കാര്യമല്ല. നേരിട്ടുള്ള ആശയ വിനിമയ ഉപഗ്രഹം പരമാവധി ഉപയോഗപ്പെടുത്താനുള്ള കേരളത്തിന്റെ സംരംഭം വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കും. കോവിഡാനന്തര കാലഘട്ടത്തില്‍ ടെലിമെഡിസിന്‍ അടക്കമുള്ള രംഗങ്ങളില്‍ സാധാരണക്കാര്‍ക്ക് ഉതകുന്ന തരത്തില്‍ സഹകരണത്തിന്റെ വിശാലവീഥികള്‍ രൂപപ്പെടുത്താന്‍ വി.എസ്.എസ്.സിക്കും കേരള സര്‍ക്കാരിനും സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.