കൊല്ലപ്പള്ളി: കാരുണ്യത്തിൻ്റെ കരം നീട്ടി നല്ല മാതൃക സൃഷ്ടിക്കുകയാണ് കടനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിനൊപ്പം സഹായ മനസ്കരായ ഒരു പറ്റം ആളുകളും രംഗത്തുണ്ട്. നിരാലംബരായ 52 രോഗികൾക്കു സഹായമേകിയാണ് ഇപ്പോൾ കടനാട് ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമാകുന്നത്.
കടനാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട അനീഷ് എന്നയാളുടെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ഏഴു ലക്ഷത്തിൽപ്പരം രൂപാ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ചിരുന്നു.എന്നാൽ ആകസ്മികമായി അനീഷ് മരണപ്പെട്ടതോടെ ചികിത്സാ സഹായനിധിയിൽ മിച്ചം വന്ന തുകയാണ് പഞ്ചായത്തിലെ നിർധനരായ 52 വൃക്ക, ക്യാൻസർ രോഗികൾക്കായി വിതരണം ചെയ്തത്. ജനകീയ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഒരു ലക്ഷം രൂപാ മരണമടഞ്ഞ അനീഷിൻ്റെ മാതാപിതാക്കൾക്കു നൽകി. ബാക്കി തുകയിൽ നാലു ലക്ഷം രൂപാ ഗുരുതരവൃക്കരോഗം ബാധിച്ചവർക്കും രണ്ടു ലക്ഷം രൂപാ ക്യാൻസർ രോഗികൾക്കുമായി വീതിച്ചു നൽകുകയായിരുന്നു.
ചികിത്സാ സഹായനിധി വിതരണം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എം എൽ എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് ജയിസൺ പുത്തൻകണ്ടം അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് ജോസഫ്, ജെറി തുമ്പമറ്റം, ജോണി വലിയകുന്നേൽ, സോമൻ വി ജി തുടങ്ങിയവർ പ്രസംഗിച്ചു.
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക