പൊതുമേഖലയിലെ രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലത്ത് ഒരുങ്ങി


തിരുവനന്തപുരം: പൊതുമേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലത്ത് ഒരുങ്ങിയതായി വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സഹായത്തോടെ 60 ഏക്കറിലാണ് കിന്‍ഫ്രയുടെ നേതൃത്വത്തിലാണ് പാര്‍ക്ക് തയ്യാറാക്കിയത്. 130.94 കോടിയാണ് മുതല്‍മുടക്ക്. കോവിഡ് മൂലമാണ് ഉദ്ഘാടനം മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഡിഫന്‍സ് പാര്‍ക്കിന് സാധിക്കും. ചെറിയ ആയുധങ്ങളും തോക്കുകളും ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളാവും പ്രധാനമായും ഒറ്റപ്പാലത്തെ പാര്‍ക്കില്‍ ഉണ്ടാവുക. ഒറ്റ എന്‍ജിന്‍ വിമാനങ്ങളുടെ പ്രധാന ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ നിരവധി പാര്‍ക്കുകളാണ് കിന്‍ഫ്രയുടെ കീഴില്‍ പുരോഗമിക്കുന്നത്. ഭക്ഷ്യവിഭവങ്ങളുടെ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിടുന്ന പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക് നിര്‍മാണവും പൂര്‍ത്തിയായി. 30 സംരംഭങ്ങള്‍ക്കായി 40 ഏക്കറാണ് അനുവദിച്ചത്. ഒരു യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങി. അഞ്ച് ഏക്കറില്‍ റൈസ് ടെക്നോളജി പാര്‍ക്കിന്റെ നിര്‍മാണത്തിന് ടെണ്ടര്‍ നടപടി തുടങ്ങി. കൊച്ചി അമ്പലമുകളില്‍ 1200 കോടി രൂപ മുതല്‍മുടക്കില്‍ കിന്‍ഫ്ര സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ രൂപരേഖ തയ്യാറായി. പദ്ധതി നടത്തിപ്പിനായി ഫാക്ടില്‍ നിന്ന് 479 ഏക്കര്‍ ഭൂമി വാങ്ങി. അടിസ്ഥാന സൗകര്യ വികസനത്തിന് 300 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഇവിടെ 100 ഏക്കറില്‍ ഒരു ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കാനുള്ള സാധ്യതാ പഠനം നടക്കുകയാണ്. ഈ ഭൂമിയുടെ വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത് ഒരു ലോജിസ്റ്റിക് ഹബ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. എഴുപത് ഏക്കര്‍ നിക്ഷേപകര്‍ക്ക് അലോട്ട് ചെയ്യാന്‍ താത്പര്യപത്രം ഒപ്പിട്ടു. കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി നടപ്പാക്കുന്നതിന്റെ ചുമതല കിന്‍ഫ്രയ്ക്കാണ്. പാലക്കാട് 1878 ഏക്കറും എറണാകുളത്ത് 500 ഏക്കറും ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. ഒരു ലക്ഷം പേര്‍ക്ക് തൊഴിലും പതിനായിരം കോടി രൂപയുടെ നിക്ഷേപവും ഇതിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്. മട്ടന്നൂരില്‍ 127 ഏക്കര്‍ വ്യവസായ പാര്‍ക്കിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. 137 കോടി രൂപയുടെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററിന് ഭരണാനുമതിയായി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്തെ വികസന സാധ്യതയുള്ള 4896 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. 1300 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. തൊടുപുഴ മുട്ടത്ത് 15 ഏക്കറില്‍ സ്പൈസസ് പാര്‍ക്കിന്റെ ആദ്യഘട്ടം ഉടന്‍ ആരംഭിക്കും. പിണറായിയിലെ ജൈവവൈവിധ്യ പാര്‍ക്കിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി. കൊല്ലം മുണ്ടയ്ക്കലില്‍ ആറ് ഏക്കറില്‍ വ്യവസായ പാര്‍ക്ക് നിര്‍മാണം ജൂലായ് അവസാനം ആരംഭിക്കും. കെട്ടിടം നിര്‍മിച്ച് നിക്ഷേപകര്‍ക്ക് കൈമാറുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി പദ്ധതിയില്‍ 2019-20ല്‍ ഒരു ലക്ഷത്തിനാല്‍പതിനായിരം ചതുരശ്ര അടി അലോട്ട് ചെയ്തതായി മന്ത്രി പറഞ്ഞു. 💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢 വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക