സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: 48.91 ലക്ഷം പേര്‍ക്ക് 23,255 കോടി രൂപ വിതരണം ചെയ്തു



തിരുവനന്തപുരം : തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തില്‍ വന്‍വര്‍ദ്ധനവ്. 2015-16 ല്‍ 33.99 ലക്ഷം പേരായിരുന്നു പെന്‍ഷന്‍ വാങ്ങിയിരുന്നത്. 2019-20 ല്‍ 48.91 ലക്ഷമായി ഉയര്‍ന്നു. ഈ കാലയളവില്‍ കുറഞ്ഞ പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1,300 രൂപയായി ഉയര്‍ത്തുകയും ചെയ്തു. വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസ്സിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്നത്. 2016 ജൂലൈ മുതല്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്‍ഷന്‍ തുക നല്‍കുന്നത് കൂടാതെ പെന്‍ഷന്‍ തുക ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 38.97 ലക്ഷം ആളുകളും മുനിസിപ്പാലിറ്റികളില്‍ 5.84 ലക്ഷവും കോര്‍പ്പറേഷനുകളില്‍ 3.37 ലക്ഷം ആളുകളുമാണ് പെന്‍ഷന്‍ പരിധിയിലുള്ളത്.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍  4.52 ലക്ഷം ആളുകള്‍ക്കും വയോജന പെന്‍ഷന്‍ 25.17 ലക്ഷം പേര്‍ക്കും ലഭിക്കുന്നു. വികലാംഗ പെന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുന്നത് നാലു ലക്ഷം പേരാണ്. അന്‍പതു കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്റെ ആനുകൂല്യം 84896 പേര്‍ക്കും വിധവാ പെന്‍ഷന്‍ ആനുകൂല്യം 13.56 ലക്ഷം പേര്‍ക്കും ലഭിക്കുന്നു. 2011 മുതല്‍ 2016 വരെ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളിലായി ആകെ വിതരണം ചെയ്തത് 8,429 കോടി രൂപയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 23,255 കോടി രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ ഇതുവരെ വിതരണം ചെയ്തത്.




💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢 വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക